27-June-2023 -
By. news desk
കൊച്ചി : ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്ന സംവിധാനങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കണമെന്നും അതുവഴി കള്ളവും ചതിയും നിലനില്‍ക്കുന്ന സാഹചര്യങ്ങള്‍ക്ക് ഒരു മാറ്റം വേണമെന്ന് എറണാകുളം ഉപഭോക്തൃതര്‍ക്കപരിഹാര കമ്മീഷന് പ്രസിഡന്റ് ഡി. ബി. ബിനു അഭിപ്രായപ്പെട്ടു. ചാവറ കള്‍ച്ചറല്‍ സെന്റര്‍, ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാഡേര്‍ഡ്സ്, കണ്‍സ്യൂമര്‍ വിജിലന്‍സ് സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ചാവറ കള്‍ച്ചറല്‍ സെന്ററില്‍ ഐ.എസ്.ഐ. മുദ്ര : ഉപഭോക്താക്കള്‍ അറിയേണ്ടതും അവകാശങ്ങളും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് സി.എം.ഐ. അദ്ധ്യക്ഷത വഹിച്ച സെമിനാറില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാഡേര്‍ഡ്സ് ജോയിന്റ് ഡയറക്ടര്‍ സന്ദീപ് എസ്. കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. എഴുനൂറ്റിഅമ്പതിലധികം ഉല്‍പ്പന്നങ്ങള്‍ക്ക് നിര്‍ബന്ധമായും ഐ.എസ്.ഐ. മുദ്രവേണമെന്നുണ്ട്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാഡേര്‍ഡ്സ് നല്കുന്ന ഐ.എസ്.ഐ. മുദ്രയും ഹാള്‍ മാര്‍ക്കിംഗും ഉല്‍പ്പന്നങ്ങളുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പുനല്‍കുന്നുവെന്ന് സന്ദീപ് എസ്. കുമാര്‍ പറഞ്ഞു. സെന്റ് തെരേസാസ് കോളേജ് അസി.പ്രൊഫസര്‍ സാന്ദ്ര സാബു റ്റി, സെന്റ് ആല്‍ബര്‍ട്ട്സ് കോളേജ് കൊമേഴ്സ് വിഭാഗം മേധാവി ഡോ. റോസലന്റ് ഗോണ്‍സാഗ, കണ്‍സ്യൂമര്‍ വിജിലന്‍സ് സെന്റര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ. അയ്യപ്പന് നായര്‍, കണ്‍സ്യൂമര്‍ വിജിലന്‍സ് സെന്റര്‍ എറണാകുളം പ്രസിഡന്റ ്ശ്രീകുമാര് ശ്രീമംഗലം, പ്രസന്ന ഗോപാലന് എന്നിവര്‍ പ്രസംഗിച്ചു. ഉപഭോക്താക്കളുടെ സംശയങ്ങള്‍ക്ക് സന്ദീപ് എസ്.കുമാര്‍ മറുപടി നല്കി.